Saturday, August 16, 2008

ഖറദാവിയെ കുറിച്ച് രംഗാവിഷ്കാരം


ദോഹ: അന്തര്‍ദേശീയ മുസ്ലിം പണ്ഡിത വേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയെ കുറിച്ച് നാടകമൊരുങ്ങുന്നു. പ്രമുഖ ഖത്തരി കലാകാരന്‍ അലി അല്‍മാലികിയാണ് ഖറദാവിയായി രംഗമിടുന്നത്. ഖറദാവിയുടെ വ്യക്തിത്വവും ജീവിതവഴിത്തിരിവുകളും ചിന്താ-വൈജ്ഞാനിക സംഭാവനകളും ശ്രദ്ധേയമായ നിലപാടുകളുമാണ് കഥയുടെ ഉള്ളടക്കം. ഇതിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍. പ്രമുഖ പണ്ഡിതന്‍ ശൈഖ് അബ്ദുസ്സലാം ബിസ് യൂനിയാണ് തിരക്കഥ രചിച്ചത്.

Tuesday, August 5, 2008

ഹജറുല്‍ അസ് വദ് ഒഴികെയുള്ള കല്ലുകള്‍ ചുംബിക്കുന്നത് പുണ്യകരമല്ല


ചോദ്യം: ഈജിപ്തിലെ ത്വന്‍ത്വാ പ്രദേശത്തെ അഹ്മദ് അല്‍ബദവീ മഖാമില്‍ ചുമരില്‍ പതിച്ച ഒരു കല്ലില്‍ കാണപ്പെടുന്ന കാലടയാളം പ്രവാചകന്‍ മുഹമ്മദ് (സ)യുടേതാണെന്ന് പറയപ്പെടുന്നു. ആളുകള്‍ ബറകതിന് വേണ്ടി അത് തടവുകയും ചുംബിക്കുകയും മറ്റും ചെയ്തു വരുന്നു. കാലടയാളം പ്രവാചകന്‍റേതാണെന്ന വാദം ശരിയാണോ? അത്തരത്തില്‍ പുണ്യം തേടുന്നത് ശര്‍ഇയായി അനുവദനീയമാണോ?


ഉത്തരം: തീവ്രതയും ജീര്‍ണതയും മുസ്ലിംകളില്‍ വര്‍ധിച്ചുവരികയാണ്. ചിലര്‍ അന്ധവിശ്വാസങ്ങളില്‍ ബഹുദൂരം മുന്നോട്ട് പോവുകയും അല്ലാഹു അനുവദിക്കാത്ത കല്ലുകളിലും മുദ്രകളിലും മറ്റും പുണ്യം തേടുകയും ചെയ്യുന്നവരാണ്. ഹജറുല്‍ അസ് വദിന് നേരെ പോലും സംശയമുണര്‍ത്തുന്നവരാണ് മറ്റൊരു കൂട്ടര്‍. ന്യായമാകട്ടെ രണ്ടിനും മധ്യേയാണ്. വിശുദ്ധ മക്കയില്‍ സ്ഥിതി ചെയ്യുന്ന കഅബയിലെ ഹജറുല്‍ അസ് വദ് ഒഴികെയുള്ള കല്ലുകള്‍ കൊണ്ട് പുണ്യം തേടുന്നത് ഇസ്ലാം അസാധുവാക്കിയിരിക്കുന്നു. ഹജറുല്‍ അസ് വദിനെ ചുംബിക്കലും മറ്റും തികച്ചും ആരാധനാപരമായ കര്‍മമാണ്. ആരാധനാപരമായ കാര്യങ്ങളില്‍ പ്രവാചകനെ അതേപടി അനുധാവനം ചെയ്യുക മാത്രമാണ് മാര്‍ഗം. അത്തരം കാര്യങ്ങള്‍ മറ്റ് കാര്യങ്ങളുമായി താരതമ്യം ചെയ്യപ്പെടുന്നതല്ല. അതിനാലാണ് `നിന്നെ (ഹജറുല്‍ അസ് വദിനെ) അല്ലാഹുവിന്‍റെ ദൂതര്‍ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും ചുംബിക്കുമായിരുന്നില്ലെ`ന്ന് ഉമര്‍(റ) പ്രസ്താവിച്ചത്.
ത്വന്‍‍ത്വായിലെ കല്ല് മറ്റ് കല്ലുകളെ പോലെ സാധാരണ കല്ല് മാത്രമാണ്. അത് പ്രവാചക കാലത്തേതാണെന്നതിനോ പാദമുദ്ര പ്രവാചകന്‍റേതാണെന്നതിനോ തെളിവുകളൊന്നുമില്ല.
മാത്രമല്ല, തന്‍റെ പാദമോ പാദമുദ്രയോ തൊട്ടുതടവി പുണ്യം തേടാന്‍ ദൈവദൂതന്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ല. മറിച്ച്, മഹത്വവത്കരണത്തില്‍ അതിരുകവിയുന്നതിലേക്കെത്തിക്കുന്ന കാര്യങ്ങളെ തൊട്ട് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയാണുണ്ടായത്. അവിടുന്ന് അരുളിയത് കാണുക: `എന്‍റെ ഖബറിടം ആരാധനാമൂര്‍ത്തിയാക്കാതിരിക്കുക`. `ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ പ്രവാചകന്‍മാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി മാറ്റി.` പ്രവാചകാനുചരന്‍മാരുടെ പാതയും അതു തന്നെയായിരുന്നു. അതുകൊണ്ടാണ് ഹുദൈബിയ സന്ധിയില്‍ മുസ്ലിംകള്‍ പ്രവാചകന് അനുസരണപ്രതിജ്ഞ (ബൈഅത്ത്) ചെയ്ത രിദ് വാന്‍ മരം ഖലീഫ ഉമര്‍(റ) മുറിച്ചുകളഞ്ഞത്.



അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.

തുടക്കം

ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഏറ്റവും പുതിയ ലേഖനങ്ങളും ഫത് വ(മതവിധി)കളും പ്രസ്താവനകളും പ്രസംഗങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റുമാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത്. വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ക്ഷണിക്കുന്നു.