Friday, July 25, 2008

ഡോ. യൂസുഫുല്‍ ഖറദാവി- ലഘുപരിചയം


സമകാലീന ലോകത്തെ ആധികാരിക ഇസ്ലാമിക പണ്ഡിതന്‍. ‍ജീവിത സായാഹ്നത്തിലും ഇസ്ലാമിക സമൂഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാനുഭാവന്‍. സമകാലിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അപ്രഖ്യാപിത കാര്യദര്‍ശി. അന്തര്‍ദേശീയ മുസ്ലിം പണ്ഡിത വേദി അധ്യക്ഷന്‍- അതാണ് ഡോ. യൂസുഫുല്‍ ഖറദാവി. അദ്ദേഹത്തെ കുറിച്ച ലഘുവിവരണമാണ് താഴെ:

പൂര്‍ണനാമം:
ശൈഖ് യൂസുഫ് മുസ്ത്വഫാ അല്‍ഖറദാവി

ജനനം:
1926 സെപ്റ്റംബര്‍ 9-ന് ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത് തുറാബ് ഗ്രാമത്തില്‍ ജനനം. രണ്ടാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മാവന്‍റെ സംരക്ഷണത്തില്‍ വളര്‍ന്നു. മകനെ ഒരു ആശാരിയോ കച്ചവടക്കാര‍നോ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ വൈഭവം കാട്ടിയ യൂസുഫ് ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി.

വിദ്യാഭ്യാസം:
പ്രൈമറി, സെക്കന്‍ററി വിദ്യഭ്യാസം അല്‍അസ്ഹറില്‍.ജയില്‍ വാസമനുഭവിക്കേണ്ടിവന്നിട്ടും രണ്ടാം റാങ്കോടെ സെക്കന്‍ററി പൂര്‍ത്തിയാക്കി. തുടര്‍ന്ന് അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉസ്വൂലുദ്ദീന്‍ കോളജില്‍ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1952-53ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും `60ല്‍ ഖുര്‍ആനിക,നബിചര്യ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും 1973-ല്‍ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്‍റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി.
പ്രവര്‍ത്തനങ്ങള്‍:
കൗമാര പ്രായത്തില്‍ തന്നെ ഈജിപ്തിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ ഇമാം ഹസനുല്‍ ബന്നാ ശഹീദിന്‍റെ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡില്‍(അല്‍ഇഖ് വാനുല്‍ മുസ്ലിമൂന്‍) ആകൃഷ്ടനായ അദ്ദേഹത്തെ ഈജിപ്ത് ഭരണകൂടം നിരവധി തവണ തടവിലിട്ടിട്ടുണ്ട്. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഗുരുനാഥനായി തുടരുന്ന അദ്ദേഹം ഇന്ന് അമേരിക്കയുടെയും സയണിസ്റ്റുകളുടെയും കണ്ണിലെ കരടാണ്. പള്ളി മിമ്പര്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്‍റെ വിളംബര വേദിയാക്കിയതും ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ഇതിന് കാരണം. ഫലസ്തീനിലെ ചാവേര്‍ ആക്രമണങ്ങളെ ശരിവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകളും മതവിധികളും ഇസ്രാഈലിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇസ്രാഈലി ചാരസംഘടനയായ മൊസാദിന്‍റെ വധഭീഷണി അദ്ദേഹം പുച്ഛിച്ചുതള്ളുകയാണുണ്ടായത്. ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസാനിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്‍റെ വിസാ അപേക്ഷ ബ്രിട്ടന്‍ നിരസിക്കുകയുണ്ടായി. ചികിത്സാര്‍ഥമാണ് അദ്ദേഹം സന്ദര്‍ശനാനുമതി തേടിയത്. അപേക്ഷ എമിഗ്രേഷന്‍ നിയമത്തിന് അനുരൂപമല്ലെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ കാരണം പറഞ്ഞതെങ്കിലും ബ്രിട്ടനിലെ വലതുപക്ഷ നവയഥസ്ഥിതികരുടെ സമ്മര്‍ദതന്ത്രമാണ് തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്. 2004-ലാണ് ഖറദാവി അവസാനമായി ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. അന്തര്‍ദേശീയ മുസ്ലിം പണ്ഡിത വേദിയുടെ രൂപീകരണയോഗത്തില്‍ പങ്കെടുക്കാനായിരുന്നു പ്രസ്തുത യാത്ര. അന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.‍ ഫലസ്തീനിലെ ചാവേറാക്രമണത്തെ പിന്തുണക്കുന്നതിനാല്‍ വിസയനുവദിക്കരുതെന്ന് തീവ്രവലതുപക്ഷ കക്ഷികള്‍ അന്ന് ടോണിബ്ലയര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.

ഫലസ്തീനില്‍ അധിനിവേശം നടത്തി നിലവില്‍ വന്ന ഇസ്രാഈലിന്‍റെ അസ്തിത്വം പോലും അംഗീകരിക്കരുതെന്ന വാദക്കാരനാണദ്ദേഹം. സയണിസ്റ്റുകളുമായുള്ള ചര്‍ച്ചകളെയും അദ്ദേഹം നിരാകരിക്കുന്നു. സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്.

വര്‍ത്തമാന ഇസ്ലാമിക ലോകത്തെ മധ്യമനിലപാടിന്‍റെ മുന്നണിപ്പോരാളിയായ അദ്ദേഹം, പക്ഷേ ഭരണാധികാരികള്‍ക്ക് സ്തുതിഗീതമോതാന്‍ ഒരിക്കലും തയ്യാറായില്ല. അറബ് മുസ്ലിം നാടുകളിലെ രാഷ്ട്രീയ, ഭരണ പരിഷ്കരണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുന്ന അദ്ദേഹം ഇസ്ലാമിക ജനാധിപത്യം എന്ന ബദല്‍ വ്യവസ്ഥ മുന്നോട്ടുവെക്കുന്നു. സമഗ്ര ഇസ്ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ചു.

മുസ്ലിം ഐക്യത്തിന്‍റെ ശക്തനായ വക്താവായ ഖറദാവി സുന്നി, ശീഈ, ഇബാദിയ്യ:, സൈദിയ്യ: തുടങ്ങിയ ഇസ്ലാമിക ചിന്താധാരകള്‍ക്കിടയില്‍ സംവാദപരിപാടികള്‍ക്ക് മുന്‍ കൈയെടുക്കുന്നു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. സര്‍വമതനിന്ദക്കെതിരായ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ ശ്രദ്ധേയമാണ്.

അന്തര്‍ദേശീയ മുസ്ലിം പണ്ഡിതസഭയുടെ അധ്യക്ഷനാണിപ്പോള്‍ ഖറദാവി. 82 വയസ്സ് പിന്നിട്ടിട്ടും ദൗത്യനിര്‍വഹണത്തിന്‍റെ പാതയില്‍ അക്ഷീണം മുന്നോട്ടുപോകുന്ന അദ്ദേഹം നിരവധി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ പലതവണ സന്ദര്‍ശനം നടത്തുകയുണ്ടായി. വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന നിരവധി ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്.

ഔദ്യോഗിക ജീവിതം:
ഏറെക്കാലം ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്കാരിക വകുപ്പിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കിയ ശേഷം ഖത്തര്‍ സെക്കന്‍ററി റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി. 1973ല്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍കുകയും അതിന്‍റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1977ല്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ശരീഅ: ആന്‍റ് ഇസ്ലാമിക് സ്റ്റഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിന്‍റെ ഡീന്‍ ആയി തുടരുകയും ചെയ്തു. യൂണിവേഴ്സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്‍റെ തലവനായി ഇന്നും തുടരുന്നു. 1990-91ല്‍ അല്‍ജീരിയന്‍ യൂണിവേഴ്സിറ്റികളില്‍ നേതൃസ്ഥനങ്ങള്‍ വഹിച്ചു. 1961ല്‍ ദോഹയിലെത്തിയതുമുതല്‍ ദോഹ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ ഖുതുബ(പ്രഭാഷണം)നിര്‍വഹിക്കുന്നു. ഖത്തര്‍ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് അനേകം ശ്രോതാക്കളുണ്ട്. സമകാലിക ഇസ്ലാമിക സമൂഹത്തിന്‍റെ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ മുസ്ലിം ലോകത്തിന്‍റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അല്‍ജസീറ ചാനലില്‍ വര്‍ഷങ്ങളായി അവതരിപ്പിക്കുന്ന ശരീഅത്തും ജീവിതവും പരിപാടി അറബ് ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടെലിവിഷന്‍ പരിപാടികളിലൊന്നാണ്.

വൈജ്ഞാനിക സംഭാവനകള്‍:
നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഖറദാവി പുസ്തകമെഴുതാത്ത ഇസ്ലാമിക വൈജ്ഞാനിക ശാഖ കണ്ടെത്തുക പ്രയാസകരമാണെന്ന് പറയാം. ഈ ഗ്രന്ഥങ്ങള്‍ മലയാളമടക്കം നിരവധി ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ നിരവധി പ്രഭാഷണങ്ങളും പുസ്തക രൂപത്തില്‍ ലഭ്യമാണ്. ഫിഖ്ഹുസ്സകാത്ത് (സകാത്തിന്‍റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ്.`ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ നൂറ്റാണ്ടിന്‍റെ (ഹിജ്റ 14ം നൂറ്റാണ്ട്)ഗ്രന്ഥം` എന്നാണ് സയ്യിദ് അബുല്‍ അഅലാ മൗദൂദി ഫിഖ്ഹുസ്സകാത്തിനെ വിശേഷിപ്പിച്ചത്.



പുരസ്കാരങ്ങള്‍:
ഹിജ്റാ വര്‍ഷം 1413ല്‍ ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു.

മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ട കൃതികള്‍‍:
വിധിവിലക്കുകള്‍, നോമ്പിന്‍റെ കര്‍മശാസ്ത്രം, വിശ്വാസവും ജീവിതവും, ഇസ്ലാമും ദാരിദ്ര്യനിര്‍മാര്‍ജനവും, ആഗോളവത്കരണവും മുസ്ലിംകളും, മതതീവ്രവാദം, മുസ്ലിം ഐക്യം സാധുതയും സാധ്യതയും, ഇസ്ലാമിക ശരീഅത്ത് തത്വവും പ്രയോഗവും, സമയം വിശ്വാസിയുടെ ജീവിതത്തില്‍, ഖറദാവിയുടെ ഫത് വകള്‍, ഇസ്ലാമിക പ്രസ്ഥാനം മുന്‍ഗണനാക്രമം, പ്രബോധകന്‍റെ സംസ്കാരം. [ഇവയുടെയെല്ലാം പ്രസാധനം:ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ പി എച്ച്)]