Sunday, October 19, 2008

അടിയന്തരാവസ്ഥ ഇസ്ലാമിക വിരുദ്ധം- ഖറദാവി

രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപനവും ഭീകരനിയമങ്ങളും ഇസ്ലാമിക വിരുദ്ധമാണെന്ന് ഡോ. യൂസുഫുല്‍ ഖറദാവി. ഈജിപ്ഷ്യന്‍ പത്രമായ അല്‍മിസ് രി അല്‍യൗമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അഭിമുഖത്തിന്‍റെ സ്വതന്ത്ര വിവര്‍ത്തനം ചുവടെ:

? ഇസ്ലാമില്‍ `മതകീയരാഷ്ട്രം` എന്ന സങ്കല്പമുണ്ടോ?
@ സിവിലിയന്‍ രാഷ്ട്രമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന സങ്കല്പം. ഇസ്ലാമിക ശരീഅത്ത് ( ഇസ്ലാമിക നിയമം ) ആയിരിക്കും അടിസ്ഥാനപ്രമാണം. പുരോഹിതന്‍മാരല്ല രാഷ്ട്രത്തിന്‍റെ കൈകാര്യകര്‍ത്താക്കള്‍.


? ദീനും ( മതം ) രാഷ്ട്രവും സന്ധിക്കുമോ?
@ ഇസ്ലാം സമഗ്ര ജീവിത വ്യവസ്ഥയാണ്. മതവും ഭൗതികതയും, ആരാധനയും രാഷ്ട്രീയവും, ആത്മാവും പദാര്‍ത്ഥവും സുന്ദരവും സന്തുലിതവുമായി ഉള്‍ച്ചേര്‍ന്ന വ്യവസ്ഥയാണത്. അതിനെ വിശ്വാസ, ആരാധനാ കാര്യങ്ങളില്‍ പരിമിതപ്പെടുത്തുന്നത് നീതിയല്ല. വിശ്വാസ, ആരാധനാ വിഷയങ്ങള്‍ പരാമര്‍ശിച്ചതിലേറെ കുടുംബസംവിധാനം, സാമ്പത്തിക ഇടപാടുകള്‍ ( ഏറ്റവും വലിയ ഖുര്‍ആനിക സൂക്തം കടമിടപാട് സംബന്ധിച്ചാണ്. ), ക്രിമിനല്‍ ശിക്ഷാ നിയമങ്ങള്‍, അന്താരാഷ്ട്ര ബന്ധങ്ങള്‍ ( സന്ധി, കരാര്‍, യുദ്ധ- സമാധാനാവസ്ഥകള്‍ ) തുടങ്ങിയ ജീവല്‍ പ്രശ്നങ്ങളാണ് വിശുദ്ധ വേദഗ്രന്ഥം പ്രതിപാദിക്കുന്നത്. അതായത് ഇസ്ലാം ഒരിക്കലും പള്ളിമൂലയില്‍ ഒതുങ്ങുന്നതല്ല, ഒതുങ്ങേണ്ടതല്ല.


? രാഷ്ട്രീയം ചെളിപുരണ്ടതായതിനാല്‍ രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ അകറ്റിനിര്‍ത്തണമെന്നും അല്ലാത്തപക്ഷം മതവും ചെളിപുരളുമെന്നും ചില മുസ്ലിംകള്‍ തന്നെ പറയുന്നു
@ നിലവിലുള്ള സമൂഹങ്ങളിലെ രാഷ്ട്രീയത്തിന്‍റെയും രാഷ്ട്രീയക്കാരുടെയും നിലവാരത്തകര്‍ച്ചയാണ് ഇത്തരം അഭിപ്രായങ്ങള്‍ക്ക് കാരണം. ഇക്കാണുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന ധാരണ അരക്കിട്ടുറപ്പിക്കുന്നതില്‍ നിലനില്‍ക്കുന്ന വ്യവസ്ഥ പങ്ക് വഹിച്ചിട്ടുണ്ട്. പ്രശ്നം ദീനിന്‍റേതല്ല, നിലവിലുള്ള രാഷ്ട്രീയത്തിന്‍റെതാണെന്നര്‍ത്ഥം. എന്നാല്‍, മനുഷ്യസമൂഹത്തിന് സമാധാനപൂര്‍ണമായ, മികച്ച ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ പ്രക്രിയകളെയും രാഷ്ട്രീയമെന്ന് വിവക്ഷിക്കാവുന്നതാണ്. ഇസ്ലാം യഥാവിധം ഒരു സംഗതിയില്‍ സന്നിവേശിപ്പിക്കപ്പെട്ടാല്‍ അത് സംസ്കരിക്കപ്പെടും. രാഷ്ട്രീയത്തിന്‍റെ കാര്യത്തിലും അങ്ങനെതന്നെ. അഴുക്ക് പുരണ്ട രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ ഇസ്ലാം ഭരണരംഗത്തേക്ക് കടന്നുവരേണ്ടത് അനിവാര്യമാണ്. ധര്‍മ- ഉത്തരവാദിത്തബോധമില്ലാത്തവര്‍ക്കും സ്വാര്‍ഥംഭരികള്‍ക്കും രാഷ്ട്രീയത്തെ വിട്ടുകൊടുക്കരുത്. ധന- അധികാര മോഹികള്‍ രംഗം കയ്യടക്കിയാല്‍ ഇരകളാവുക ജനങ്ങളാണ്. അതിനാല്‍ രാഷ്ട്രീയത്തെ സംസ്കരിക്കല്‍ ഇസ്ലാമിന്‍റെ ദൗത്യമാണ്.


? പ്രവാചകന്‍(സ.അ) ഒരേസമയം പ്രബോധകനും ഭരണാധികാരിയുമായിരുന്നോ?
@ തീര്‍ച്ചയായും, നമസ്കാരത്തിന് നേതൃത്വം നല്‍കിയ പ്രവാചകന്‍ തന്നെയായിരുന്നു ഭരണത്തിന് നേതൃത്വം നല്‍കിയിരുന്നതും. സച്ചരിതരായ ഖലീഫമാരും അതേസരണി പിന്തുടര്‍ന്നു. എങ്ങനെയൊക്കെയായാലും മതവും രാഷ്ട്രവും ഒറ്റ വാഹനമായാണ് പതിമൂന്ന് നൂറ്റാണ്ട് സഞ്ചരിച്ചത്.


? ഖുര്‍ആന്‍ ഭരണകാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടില്ലെന്ന വാദത്തെ കുറിച്ചെന്തു പറയുന്നു?
@ ഇസ്ലാമിന്‍റെ സവിശേഷതയാണത്. ഈ രംഗത്ത് അടിസ്ഥാനതത്വങ്ങള്‍ പറയുകയും വിശദാംശങ്ങളുടെ വിശാലമായ മേഖല മനുഷ്യരുടെ ചിന്തക്കും അന്വേഷണത്തിനും വേണ്ടി തുറന്നിടുകയും ചെയ്തതിലൂടെ ഏത് കാലത്തിനും ദേശത്തിനും അനുയോജ്യമായ രീതിയില്‍ ഇസ്ലാമിനെ സ്ഥാപിക്കാന്‍ സാധിക്കും. അതായത് മേല്‍സൂചിപ്പിച്ചത് ഇസ്ലാമിന്‍റെ സാധ്യതയാണ്, പരിമിതിയല്ല. ഉദാഹരണമായി, ശൂറാ ( കൂടിയാലോചന ) സംവിധാനത്തെ കുറിച്ച് പരിമിതമായ വാക്കുകളില്‍ പരാമര്‍ശിച്ചു. വിശദാംശങ്ങള്‍ പറയാതെ തുറന്നിട്ടു. ഓരോ നാട്ടിലും കാലത്തും അനുയോജ്യമായ ശൂറാ സംവിധാനം ആവിഷ്കരിക്കാം. ഇത് സാധ്യതയാണ്.


? ഇസ്ലാമികരാഷ്ട്രം വന്നാല്‍ മധ്യനൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ നിലനിന്ന സ്ഥിതി തിരിച്ചുവരുമെന്ന് ഭയപ്പെടുന്നവരുണ്ടല്ലോ?
@ ജനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും അധികാരം അരക്കിട്ടുറപ്പിക്കാനുമുള്ള പടഞ്ഞാറന്‍ ചര്‍ച്ചിന്‍റെ തന്ത്രമായിരുന്നു `ദൈവിക അവകാശം`. ശാസ്ത്രവിരുദ്ധമായ സമീപനമായിരുന്നു അന്നത്തെ ക്രിസ്ത്യന്‍ ചര്‍ച്ചിന്. ശാസ്ത്രവും മതവും അവിടെ നിരന്തര സംഘട്ടനത്തിലേര്‍പ്പെട്ടു. ചര്‍ച്ച് പുരോഗതിയോട് പുറംതിരിഞ്ഞുനിന്നു. ജനങ്ങള്‍ക്കെതിരെ ഭരണകൂടങ്ങളുടെയും ശാസ്ത്രത്തിനെതിരെ അജ്ഞാനത്തിന്‍റെയും കര്‍ഷകര്‍ക്കെതിരെ ഫ്യൂഡല്‍ പ്രഭുക്കളുടെയും പക്ഷം ചേര്‍ന്നു. ഫലമോ, ശാസ്ത്രപുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും മാര്‍ഗത്തില്‍ തടസമായി നിന്ന പാശ്ചാത്യ ചര്‍ച്ചിന് ഉയര്‍ന്നുവന്ന മതേതര ചിന്തയെയും നവോത്ഥാനത്തെയും അതിജീവിക്കാന്‍ സ്വാഭാവികമായും സാധിച്ചില്ല.



? മതേതരത്വം മുസ്ലിംകളിലേക്ക് പടര്‍ന്നു കയറിയതെങ്ങനെ?
@ മതത്തില്‍ നിന്ന് മോചനം നേടിയതാണ് പടിഞ്ഞാറിന്‍റെ പുരോഗതിയുടെ മൂലകാരണമെന്ന ധാരണയില്‍ അതിനെ അന്ധമായി അനുകരിക്കുന്നതാണ് പ്രശ്നം. കാരണം, പടിഞ്ഞാറ് നിലനിന്ന മതം പോലെയല്ല ഇസ്ലാം. ( ഈജിപ്തിലെ ) അല്‍അസ്ഹര്‍ ചര്‍ച്ചുമല്ല. ക്രിസ്തുമതമല്ല ഇസ്ലാം. ശാസ്ത്രം ഞങ്ങളുടെ ദീനും ദീന്‍ ഞങ്ങളുടെ ശാസ്ത്രവുമാണ്. ശക്തിയും ആയുധവും വെടിയുണ്ടയും തടവറയും ഉപയോഗിച്ച് പാശ്ചാത്യ മതേതരത്വം മുസ്ലിംകളില്‍ അടിച്ചേല്പിക്കുകയായിരുന്നു. തുര്‍ക്കി അതിന്‍റെ തെളിഞ്ഞ ഉദാഹരണമാണ്. സൈനിക ശക്തി ഉപയോഗിച്ചാണ് ഇന്നും അവിടെ മതേതരത്വം ഉറപ്പുവരുത്തുന്നത്.


? താങ്കളുടെ വീക്ഷണത്തില്‍ അറബ് സമൂഹങ്ങള്‍ ഇസ്ലാമിക ഭരണവ്യവസ്ഥയോടാണോ മറിച്ച് മതേതര വ്യവസ്ഥയോടാണോ ആഭിമുഖ്യം പുലര്‍ത്തുന്നത്?
@ ഉദാഹരണത്തിന്, ഈജിപ്തില്‍ ഈ ദിശയില്‍ സുതാര്യമായി ഒരു ഹിതപരിശോധന നടത്തുന്ന പക്ഷം ഭൂരിപക്ഷവും ഇസ്ലാമിക ശരീഅത്ത് ആയിരിക്കും തെരഞ്ഞെടുക്കുക. നിശ്ചലവും സങ്കുചിതത്വം നിറഞ്ഞതുമായ ശരീഅത്തല്ല, പ്രമാണാടിസ്ഥാനങ്ങളില്‍ കാലോചിതവും നിര്‍മാണാത്മകവുമായ ഗവേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശരീഅത്താണ് ഇവിടെ ഉദ്ദേശ്യം.


? തികവുറ്റ ഇസ്ലാമിക നേതൃത്വത്തിന്‍റെ അഭാവമല്ലേ മതേതരത്വത്തിന് പ്രചാരമേകുന്നത്?
@ മുസ്ലിം നാടുകളെല്ലാം ഭരിക്കുന്നത് മതേതരവ്യവസ്ഥയാണ്. ഇസ്ലാമിക നിയമപ്രകാരം ഭരിക്കുന്നുവെന്നവകാശപ്പെടുകയെങ്കിലും ചെയ്യുന്ന ഏക രാജ്യം സൗദി അറേബ്യയാണ്. ഭരണത്തിലെ തകരാറിന് കാരണം പാശ്ചാത്യ മതേതരത്വമാണ്, ഇസ്ലാമല്ല.


? എന്നിട്ടും മാതൃകാപരമായി പുരോഗതിപ്പെടാനും വികസിക്കാനും സൗദിക്ക് കഴിഞ്ഞിട്ടില്ലല്ലോ?
@ ശരീഅത്ത് ഭരണം അവകാശപ്പെടാത്ത മറ്റ് രാജ്യങ്ങളോ? ഈജിപ്തില്‍ ജനാധിപത്യ ഭരണമെന്നാണ് വെപ്പ്. അതാണോ നടക്കുന്നത്? അത് പോലെ ശരീഅത്ത് വ്യവസ്ഥയാണ് നടപ്പാക്കുന്നതെന്നവകാശപ്പെടുന്നു. എങ്കിലും അറബ് മുസ്ലിം നാടുകളിലെല്ലാം ഇസ്ലാമിസ്റ്റുകള്‍ക്കാണ് പൊതുവെ സ്വീകാര്യത കൂടുതലെന്ന് കാണാവുന്നതാണ്.


? യഥാര്‍ത്ഥ രൂപത്തില്‍ ഇസ്ലാമികഭരണവ്യവസ്ഥ നടപ്പാക്കുന്ന രാജ്യമേതാണ്?
@ ഒരു രാജ്യത്തുമില്ല.


? ഇത് വിചിത്രമല്ലേ?
@ ഇസ്ലാമിക ഭരണ മാതൃക സ്ഥാപിക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നില്ലെങ്കില്‍, ഒന്നാമതായി മുസ്ലിംകള്‍ ശ്രമിക്കുന്നില്ലെങ്കില്‍ അത് മാനത്ത് നിന്നിറങ്ങുകയില്ല. അത് മുസ്ലിംകളുടെ ഉത്തരവാദിത്തമാണ്. അതിനവര്‍ ഐക്യപ്പെടുകയും വേണം.


? ശരീഅത്ത് പ്രയോഗവത്കരണവും മതേതര വ്യവസ്ഥയും ഒരുമിച്ച് കൊണ്ടുപോകുന്ന മലേഷ്യന്‍ പരീക്ഷണത്തെക്കുറിച്ച്?
@ മലേഷ്യയുടേത് സവിശേഷ പശ്ചാത്തലമാണ്. 55% തദ്ദേശീയരും ബാക്കി ഇന്ത്യന്‍- ചൈനീസ് വംശജരും ഉള്‍പ്പെട്ടതാണ് മലേഷ്യന്‍ ജനത. ഈ വൈവിധ്യത്തിനിടയില്‍ ഐക്യം സ്ഥാപിക്കാനുള്ള പരീക്ഷണമാണ് അവിടത്തെ മതേതരത്വം. എന്നാല്‍ മതവിരുദ്ധമായ തീവ്രമതേതരത്വമല്ല അത്. വികസനരംഗത്ത് മുന്നേറിയെങ്കിലും ഉദ്ദിഷ്ട മാതൃക സൃഷ്ടിക്കാന്‍ മലേഷ്യന്‍ പരീക്ഷണത്തിന് സാധിച്ചിട്ടില്ല.


? മതേതരത്വം മതവിരുദ്ധമല്ലാതാകുന്നതെങ്ങനെ?
@ മതത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന മതേതരത്വമല്ലെന്നാണ് ഉദ്ദേശിച്ചത്.


? തീവ്രമതേതരത്വം നിലനില്‍ക്കുന്നതെവിടെയാണ്?
@ തുര്‍ക്കിയും തുനീഷ്യയും മതേതര തീവ്രതയുടെ ഉദാഹരണങ്ങളാണ്. തെരഞ്ഞെടുക്കപ്പെട്ട തുര്‍ക്കി സര്‍ക്കാര്‍ പലപ്പോഴും അട്ടിമറിയുടെ അടുത്തെത്തിനില്‍ക്കുന്നത് തീവ്രമതേതരവാദികള്‍ രൂപം നല്‍കിയ കോടതികളുടെ ഇടപെടല്‍ മൂലമാണ്.ഒട്ടനവധി അറബ് രാജ്യങ്ങളുടെ സ്ഥിതിയും ഇത് തന്നെ. അണിയറയില്‍ നിന്ന് പട്ടാളമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മൗറിത്താനിയയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് തന്‍റെ അധികാരമുപയോഗിച്ച് പട്ടാളമേധാവിയെ മാറ്റാന്‍ തുനിഞ്ഞപ്പോഴേക്കും അട്ടിമറിയുണ്ടായി. ഈ അപകടം തിരിച്ചറിഞ്ഞവരാണ് ഇസ്ലാമികാഭിമുഖ്യമുള്ള തുര്‍ക്കിയിലെ റജബ് ത്വയ്യിബ് ഉര്‍ദുഗാനും അബ്ദുല്ല ഗുല്ലും. ജഡ്ജിമാരെ മാറ്റാനുള്ള അധികാരമുണ്ടായിട്ടും അത് പ്രയോഗിക്കാന്‍ ഭയപ്പെടുന്നത് സൈനിക അട്ടിമറി ഭയം മൂലമാണ്. സൈന്യത്തിനാണവിടെ യഥാര്‍ത്ഥ അധികാരം. ഒട്ടുമിക്ക പശ്ചിമേഷ്യന്‍ അറബ് രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.


? തുനീഷ്യ അക്കൂട്ടത്തില്‍ പെടുന്നതെങ്ങനെ?
@ മതേതരത്വത്തിന്‍റെ അതിതീവ്രരൂപമാണ് തുനീഷ്യയില്‍ നിലനില്‍ക്കുന്നത്. അതിന്‍റെ ഉദാഹരണങ്ങളനവധിയാണ്. പ്രഭാതനമസ്കാരം പള്ളിയില്‍ വെച്ച് നിര്‍വഹിക്കുന്നവര്‍ കരിമ്പട്ടികയില്‍ സ്ഥാനം പിടിക്കും. ഹിജാബ് ധരിച്ച സ്ത്രീക്ക് സ്കൂളിലും കോളജിലും പൊതുരംഗത്തും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഹിജാബ് ഊരിയെറിഞ്ഞാല്‍ മാത്രമേ സ്ത്രീക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കാനാവൂ. അതിനാല്‍ തുനീഷ്യയില്‍ നിലവിലുള്ള മതേതരത്വം ഇസ്ലാമിക വിരുദ്ധം തന്നെ.


? ഈജിപ്ഷ്യന്‍ മതേതരത്വത്തെ കുറിച്ചെന്ത് പറയുന്നു?
@ ശരീഅത്ത് പ്രകാരമല്ല ഈജിപ്തില്‍ ഭരണം. ഇസ്ലാമിക സംഘടനകളെ പൊറുപ്പിക്കില്ലെങ്കിലും സര്‍ക്കാര്‍ ജനങ്ങളെ സ്വതന്ത്രരായി വിടുന്നു. എന്നാല്‍ പലതരം അടിച്ചമര്‍ത്തലുകളും നിലനില്‍ക്കുന്നു. ഹിജാബ് സ്വീകരിച്ച വനിതക്ക് ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനലില്‍ അവതാരികയാകാന്‍ കഴിയില്ല. എങ്കിലും തുനീഷ്യയെ അപേക്ഷിച്ച് സ്വതന്ത്രമാണ്.


? ഈജിപ്ഷ്യന്‍ ഭരണഘടന പൂര്‍ണമായും ഇസ്ലാം വിരുദ്ധമാണോ?
@ നിലവിലുള്ള ഭരണഘടന ഞാന്‍ ശരിയായി വായിച്ചിട്ടില്ലാത്തതിനാല്‍ വിധി പറയുക സാധ്യമല്ല. പൂര്‍ണമായി മതവിരുദ്ധമല്ലെന്നാണ് മനസിലാക്കുന്നത്. എന്നാല്‍, ഈജിപ്തിലെ അടിയന്തരാവസ്ഥാ നിയമം, ഭീകരനിയമം തുടങ്ങിയ മനുഷ്യ സ്വാതന്ത്ര്യത്തെ ചങ്ങലക്കിടുന്ന നിയമങ്ങള്‍ ഇസ്ലാമിക ശരീഅത്തിന് കടകവിരുദ്ധമാണ്. പലിശ, മദ്യം, അശ്ലീലത തുടങ്ങിയവ നിയമവിധേയമാക്കിയതും ശരീഅത്ത് നിര്‍ണയിച്ച ശിക്ഷാനിയമങ്ങള്‍ നടപ്പാക്കാത്തതും ഇസ്ലാമിക വിരുദ്ധം തന്നെ.


? ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അധികാരത്തിലെത്തുന്നതിനെ കുറിച്ച ഭയത്തിന് കാരണം?
@ ഇസ്ലാമിക സമൂഹം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരല്ല, എന്നല്ല അവരവയെ സ്വാഗതം ചെയ്യുന്നു. ഈജിപ്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റുകള്‍ മത്സരിച്ച നൂറോളം സീറ്റുകളില്‍ എണ്‍പത്തെട്ടിലും വിജയം നേടിയത് ഇതിന്‍റെ നിദര്‍ശനമാണ്. സ്വന്തം സ്ഥാനമാനങ്ങള്‍ക്ക് ഇളക്കം തട്ടുന്നത് ഇഷ്ടപ്പെടാത്ത ഭരണാധികാരികളാണ് യഥാര്‍ത്ഥ പ്രശ്നം.


? ഇസ്ലാമിസ്റ്റുകള്‍ അധികാരത്തിലെത്തുമെന്ന് വ്യക്തിപരമായി താങ്കള്‍ കരുതുന്നുണ്ടോ?
@ തീര്‍ച്ചയായും, അവര്‍ ശരീഅത്ത് ഭരണത്തിന് വേണ്ടി നിലനില്‍ക്കുന്നേടത്തോളം. എന്നാല്‍ ജനങ്ങളായിരിക്കണം ഇസ്ലാമിസ്റ്റുകളെ തെരഞ്ഞെടുക്കേണ്ടത്. പൂര്‍ണമായും ജനാധിപത്യ തെരഞ്ഞെടുപ്പാണ് ഉണ്ടാവേണ്ടത്. അതായത്, ഭരണകൂടത്തെ തെരഞ്ഞെടുക്കാന്‍ ജനതക്ക് അവകാശമുണ്ടാകണം. അവര്‍ മോശം തെരഞ്ഞെടുപ്പ് നടത്തുന്ന പക്ഷം ഉത്തരവാദിത്തവും അവര്‍ക്ക് തന്നെയായിരിക്കും.


? അപ്പോള്‍ ഹമാസിന്‍റെ അനുഭവമോ?
@ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഹമാസിന് സാധിച്ചില്ല. അധികാരമേറ്റത് മുതല്‍ പ്രശ്നങ്ങള്‍ അവരെ വരിഞ്ഞുമുറുക്കി. അതുകൊണ്ട് തന്നെ കാര്യമായൊന്നും ചെയ്യാനായില്ല. പ്രമുഖ കോളമിസ്റ്റ് ഫഹ് മീ ഹുവൈദി അഭിപ്രായപ്പെട്ടതാണ് ശരി: ഹമാസ് കലാപവിപ്ലവത്തിനെതിരായിരുന്നു, എന്നാല്‍ തങ്ങള്‍ക്കെതിരെ അട്ടിമറിയുണ്ടാവുമെന്ന സ്ഥിതിയായപ്പോള്‍ ഹമാസ് സടകുടയുകയായിരുന്നു. അതേസമയം, ഫലസ്തീനികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഫലസ്തീനികള്‍ പരസ്പരം ചോരചിന്തുന്നത് നിഷിദ്ധവുമാണ്.എന്തുതന്നെയായാലും ഹമാസിന്‍റെ അനുഭവം നാം ലക് ഷ്യം വെക്കുന്ന വിജയകരമായ ഇസ്ലാമിക ഭരണത്തിന്‍റെ മാതൃക സൃഷ്ടിച്ചില്ല. പ്രശ്നങ്ങള്‍ അവരെ അതിനനുവദിച്ചില്ല.


? മുസ്ലിം ബ്രദര്‍ഹുഡ് ( അല്‍ഇഖ് വാനുല്‍‍ മുസ്ലിമൂന്‍ ) അധികാരത്തിലെത്തണമെന്നാഗ്രഹിക്കുന്ന താങ്കള്‍ അതിന്‍റെ വൃത്തത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്തുകൊണ്ട്? ബ്രദര്‍ഹുഡുമായി അഭിപ്രായവ്യത്യാസങ്ങളുള്ളതുകൊണ്ടാണോ?
@ എന്‍റെ പരിശ്രമങ്ങള്‍ ഒരു സംഘടനക്കുള്ളില്‍ ഒതുങ്ങരുതെന്ന ആഗ്രഹം കൊണ്ടാണ് ഇഖ് വാന്‍ വൃത്തത്തില്‍ നിന്ന് വിട്ടത്. ഉമ്മത്തിന് സേവനം ചെയ്യാനാണ് എനിക്ക് താല്പര്യം. ഒരുഘട്ടത്തില്‍ ഇഖ് വാന്‍ കാര്യദര്‍ശി ( പ്രസിഡന്‍റ് ) സ്ഥാനത്തേക്ക് എന്നെ ക്ഷണിച്ചപ്പോള്‍ നിരസിച്ചത് അതുകൊണ്ടാണ്. എന്നാല്‍ ഞാനവരെ ശക്തിയായി പിന്തുണക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.


? പക്ഷേ, ചിലപ്പോഴൊക്കെ താങ്കള്‍ ബ്രദര്‍ഹുഡിനെ വിമര്‍ശിക്കുകയുണ്ടായല്ലോ?
@ ശരിയാണ്, വേണ്ടവിധം പൊതുസമൂഹത്തില്‍ ഇഴുകിച്ചേരാന്‍ കോപ്പുകൂട്ടാതെയും ഗോദയുടെ ആവശ്യങ്ങളെ കുറിച്ച് ബോധവാന്‍മാരാകാതെയും ബ്രദര്‍ഹുഡ് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ നസ്വീഹത്തി( ഗുണകാംക്ഷ )ന്‍റെ ഭാഗമായി ഞാന്‍ വിമര്‍ശിക്കുകയുണ്ടായി. തീവ്രതയും ജീര്‍ണതയും ഒരുപോലെ എനിക്കിഷ്ടമല്ല.


? അതിന്‍റെ ഭാഗമായല്ലേ `മുന്‍ഗണനാക്രമത്തിന്‍റെ കര്‍മശാസ്ത്രം` എന്ന രചന?
@ ഇസ്ലാമിക സമൂഹത്തിന്‍റെ മുപ്പത് വര്‍ഷത്തേക്കുള്ള മുന്‍ഗണനാക്രമം എന്തായിരിക്കണമെന്ന വിഷയത്തിനാണ് ഞാന്‍ പുസ്തകത്തില്‍ ഊന്നല്‍ നല്‍കിയത്.


? ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്താണ്?
@ ശാസ്തീയത, അതൊഴിവാക്കി മുന്നോട്ട് പോകാന്‍ സാധ്യമല്ല. ശാസ്ത്രീയ രീതിയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. ബിരുദങ്ങള്‍ നേടുന്നതിലൊതുങ്ങരുത്. മറിച്ച് ശാസ്ത്രീയത നമ്മുടെ രീതിയും ആത്മാവുമാകണം. കണക്കുകൂട്ടലും ആസൂത്രണവും ഡിജിറ്റല്‍ ഭാഷയും സുപ്രധാനമാണ്. പ്രസ്ഥാനങ്ങള്‍ തെരുവിന്‍റെ ആഴങ്ങളിലേക്കിറങ്ങി അതിന്‍റെ ആവശ്യങ്ങളും താല്പര്യങ്ങളും അറിയണം.


? ബ്രദര്‍ഹുഡ് രാഷ്ട്രീയ പാര്‍ട്ടിയല്ലേ?
@ സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന് പറയാം. എന്നാല്‍ ഇതര പാര്‍ട്ടികളെ പോലെ ഒരു പാര്‍ട്ടിയല്ല.


? എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ക്ക് നിയമപരത ഇല്ലാത്തത്?
@ ഭരണാധികാരിയുടെയല്ല, ജനതയും തെരുവും നല്‍കുന്ന അംഗീകാരമാണ് യഥാര്‍ത്ഥ നിയമപരത. ഈജിപ്തിലെ നിയമാംഗീകൃത പാര്‍ട്ടികളൊന്നും യഥാര്‍ത്ഥ പാര്‍ട്ടികളല്ല. കാരണം, സാധാരണഗതിയില്‍ പാര്‍ട്ടി ഉണ്ടായ ശേഷം അധികാരത്തിലെത്തലാണ്. എന്നാലിവിടെ ഭരണകൂടമാണ് പാര്‍ട്ടികളെ പ്രസവിക്കുന്നത്. നിക്ഷിപ്ത താല്പര്യങ്ങളില്‍ ഉയര്‍ന്നുവന്ന കക്ഷികളാണവ. ഭരണകക്ഷി ഒരിക്കലും യഥാര്‍ത്ഥ പാര്‍ട്ടിയല്ല. എന്തെങ്കിലും ആദര്‍ശമോ തത്വങ്ങളോ അല്ല, കേവല താല്പര്യങ്ങളാണ് അവരെ നയിക്കുന്നത്.


? സങ്കീര്‍ണമായ രാഷ്ട്രീയ സംവിധാനത്തില്‍ ഒരു സാധാരണ പൗരന്‍/പൗര എങ്ങനെയാണ് ഭരണാധികാരിയെ ഗുണദോഷിക്കുക?
@ നമ്മുടെ വീക്ഷണത്തില്‍ ഭരണാധികാരി വിശുദ്ധനോ ദൈവത്തിന്‍റെ പേര് പറഞ്ഞ് ഭരിക്കേണ്ടവനോ അല്ല ( മധ്യശതകങ്ങളിലെ യൂറോപ്യന്‍ ചര്‍ച്ചുകളും ഭരണകൂടങ്ങളും അവകാശപ്പെട്ട പോലെ ). മറിച്ച് ജനങ്ങളിലൊരുവന്‍ മാത്രമാണ് ഭരണാധികാരി. അതാണ് പ്രവാചകന് ശേഷം ഒന്നാം ഖലീഫ അബൂബക്കര്‍ (റ) പ്രഖ്യാപിച്ചത്: `എനിക്ക് നിങ്ങളുടെ ഭരണചുമതല നല്‍കപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളെക്കാള്‍ ഉത്തമനല്ല. ഞാന്‍ നേരിലാണെങ്കില്‍ എന്നെ സഹായിക്കുക ( പിന്തുണക്കുക ). ഞാന്‍ മിഥ്യയിലായാല്‍ എന്നെ നേരെയാക്കുക. നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ പ്രപഞ്ചനാഥനെ അനുസരിക്കുന്നേടത്തോളം നിങ്ങളെന്നെ അനുസരിക്കുക. ഞാന്‍ നാഥനെ ധിക്കരിക്കുകയാണെങ്കില്‍ നിങ്ങളെന്നെ അനുസരിക്കേണ്ടതില്ല.` രണ്ടാം ഖലീഫ ഉമറുബ്നുല്‍ ഖത്താബിന്‍റെ പ്രസ്താവവും ശ്രദ്ധേയമാണ്: ` നിങ്ങളാരെങ്കിലും എന്നില്‍ വക്രത കണ്ടാല്‍ നേരെയാക്കുക`. ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍റെ വാക്കുകള്‍ വിഖ്യാതമാണ്: `ഞാന്‍ നിങ്ങളിലൊരാള്‍ മാത്രമാണ്. അല്ലാഹു എന്നില്‍ കൂടുതല്‍ ഭാരം ( ഉത്തരവാദിത്തം ) ചുമത്തിയിരിക്കുന്നുവെന്ന് മാത്രം.` തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് ഭരണാധികാരിയെ നേരെയാക്കാനും ഗുണദോഷിക്കാനും അവകാശമുണ്ട്.


? ഇപ്പറഞ്ഞത് തത്വമാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ ദുര്‍ബലനായ സാധാരണ പൗരന്‍റെ ശബ്ദം എങ്ങനെയാണ് ഭരണാധികാരിയിലെത്തിക്കാനാവുക?
@ സാധിക്കുമെങ്കില്‍ നേരിട്ട് ഉപദേശിക്കാം. അതുമല്ലെങ്കില്‍ പ്രസംഗപീഠങ്ങള്‍ ഉപയോഗപ്പെടുത്താം. പൗരന്‍ എന്ന് പറയുമ്പോള്‍ ഓരോ വ്യക്തിയും ഒറ്റക്ക് എന്നല്ല ഉദ്ദേശ്യം. മറിച്ച് ലഭ്യമായ മെഷിനറി മുഖേനയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഭരണഘടനാവിരുദ്ധ നടപടിയെടുക്കുന്ന പ്രസിഡന്‍റിനെ ഭൂരിപക്ഷത്തോടെ പുറത്താക്കാന്‍ പാലമെന്‍റിന് അധികാരമുണ്ട്. അവര്‍ ഏര്‍പ്പെടുത്തിയ മികച്ചൊരു സംവിധാനമാണത്. അത് പോലുള്ള സംവിധാനങ്ങളുണ്ടാകണം. ഭരണാധികാരിയുടെ കൈക്ക് പിടിക്കാന്‍ കരുത്തുള്ള ജനപ്രതിനിധികളെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുകയാണ് അതിന്‍റെ ഒന്നാമത്തെ പടി. എന്നാല്‍ നമ്മുടെ നാടുകളില്‍ ഉള്ളതുപോലെ പാര്‍ലമെന്‍റ് പ്രസിഡന്‍റിന്‍റെ കീശയിലാണെങ്കില്‍ പിന്നെ തെറ്റ് തിരുത്തുന്നതെങ്ങനെ?


? അത് സാധ്യമാണോ?
@ സമാധാനപരമായ പ്രകടനങ്ങളിലൂടെയും ജനകീയ സമ്മര്‍ദത്തി‍ലൂടെയും പ്രസിഡന്‍റിനെ രാജിവെപ്പിക്കാന്‍ പാകിസ്ഥാന്‍ ജനതക്ക് സാധിച്ചു. പാക് ജനാധിപത്യത്തിന്‍റെ നിലവാരത്തിലേക്ക് പോലും നാം ഇനിയും എത്തിയിട്ടില്ല. ഒന്നോ രണ്ടോ തവണ കൊണ്ട് അധികാരം മതിയാക്കുന്ന ഒരു പ്രസിഡന്‍റ് നമ്മുടെ രാജ്യങ്ങളിലില്ല. ആജീവനാന്തം സിംഹാസനത്തിലിരുന്ന് സന്താനങ്ങള്‍ക്ക് ഭരണം അനന്തരമായി നല്‍കുന്നവരാണല്ലോ ഇവിടങ്ങളിലുള്ളത്.


? താങ്കള്‍ വല്ലപ്പോഴും രാഷ്ട്രത്തലവനെ ഗുണദോഷിച്ചിട്ടുണ്ടോ?
@ ഞാന്‍ ഒരിക്കല്‍ മാത്രമാണ് പ്രസിഡന്‍റ് ഹുസ്നി മുബാറകിനെ സന്ധിച്ചത്. എന്നാല്‍ ഖത്തര്‍ അമീറിനെ പലപ്പോഴും സന്ദര്‍ശിച്ച് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ഇസ്ലാമിസ്റ്റുകള്‍ക്കെതിരായ വധശിക്ഷ പിന്‍വലിക്കാന്‍ ലിബിയന്‍ പ്രസിഡന്‍റ് മുഅമ്മര്‍ ഖദ്ദാഫിയോട് ആവശ്യപ്പെടുകയും തുടര്‍ന്ന് വധശിക്ഷ റദ്ദാക്കപ്പെടുകയും ചെയ്തു. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിനെയും ചില കാര്യങ്ങളില്‍ ഗുണദോഷിച്ചിട്ടുണ്ട്. പലപ്പോഴും ഭരണകൂടസംവിധാനങ്ങളെ അഭിസംബോധന ചെയ്യാന്‍ പള്ളി മിമ്പര്‍ (പ്രസംഗപീഠം) ആണ് വേദിയാക്കാറുള്ളത്.


? എന്താണ് മുബാറകിനുള്ള ഉപദേശം?
@ ജനങ്ങളുടെ ആവശ്യത്തിന് ചെവികൊടുത്ത്, പ്രസിഡന്‍റ് പദവിയില്‍ തുടരാനും മകനെ പിന്‍ഗാമിയാക്കാനുമുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് മുബാറകിനോട് ആവശ്യപ്പെടാനുള്ളത്. തന്‍റെ കാലാവധി വീണ്ടും വീണ്ടും ദീര്‍ഘിപ്പിക്കുന്ന പതിവ് അവസാനിപ്പിച്ച്, മകനെ പിന്‍ഗാമിയാക്കുന്നതില്‍ നിന്ന് പിന്‍മാറി അടുത്ത പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കണം.



? ശരീഅത്തിന്‍റെ അടിസ്ഥാനത്തില്‍ ഈജിപ്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്?
@ സാമ്പത്തികം അടക്കം മുഴുരംഗത്തും മതേതരത്വമാണ് നടപ്പാക്കുന്നത്. ദൈവികകോപത്തിനിടയാക്കുന്ന കുത്തകവത്കരണവും അനീതിയും ദുര്‍ബലരെ ചൂഷണം ചെയ്യുന്ന എര്‍പ്പാടും അവസാനിപ്പിക്കാതെയും ഉല്പാദനത്തില്‍ ശ്രദ്ധ ചെലുത്താതെയും അറബ് സമ്പദ് വ്യവസ്ഥകളൊന്നും മെച്ചപ്പെടാന്‍ പോകുന്നില്ല. നീതിപൂര്‍ണമായ വിതരണവും ഉല്പാദന- ഉപഭോഗങ്ങളിലെ സന്തുലനവുമാണ് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ നെടുന്തൂണ്‍. എന്നാല്‍ അറബ് മുസ്ലിം രാജ്യങ്ങള്‍ ഇന്ന് ഉപഭോഗമാത്രമാണ്, ഉല്പാദനമില്ല. ഇറക്കുമതിയുണ്ട്, കയറ്റുമതിയില്ല. ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഉപഭോഗത്തെ കുറിച്ച് ബോധവത്കരിക്കുകയും വേണം. പ്രവാചകന്‍ പറഞ്ഞു: 'ഒരാളുടെ കയ്യില്‍നിന്ന് ഒരു ചോറ്റുരുള താഴെ വീണാല്‍ അതിലെ ഉപദ്രവം നീക്കി ബാക്കി ഭക്ഷിക്കട്ടെ. അത് പിശാചിന് വിട്ടുകൊടുക്കരുത്.'


? ബാങ്ക് പലിശ നിഷിദ്ധമാണെങ്കില്‍ ആളുകള്‍ എങ്ങനെ നിക്ഷേപം നടത്തും?
@ ഇസ്ലാമിക ബാങ്കുകള്‍ മുഖേന. ബാങ്ക് പലിശ നിഷിദ്ധമെന്നത് മഹാഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായമാണ്.


? നികുതി നല്‍കല്‍ സകാത്തിന് പകരമാകുമോ?
@ ഈജിപ്ത് ഇസ്ലാമികരാജ്യമായിരുന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത് സകാത്ത് പിരിക്കുകയും തികയാത്തത് നികുതിയായി ഈടാക്കുകയുമാണ്. രണ്ടര ശതമാനമെന്ന തോതിലുള്ള സകാത്ത് പണം കൊണ്ട് രാഷ്ട്രത്തിന്‍റെ ചെലവുകള്‍ നിവര്‍ത്തിക്കപ്പെടില്ല. എന്ത് തന്നെയായാലും സകാത്തും നികുതിയും പരസ്പരം പകരമാകില്ല. അതേസമയം നികുതിയുടെ പേരില്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്പിക്കാന്‍ രാഷ്ട്രം തുനിയരുത്. പൗരന്‍മാരുടെ വരുമാനത്തിനാനുപാതികമായിരിക്കണം നികുതിനിരക്ക്.


? ഇസ്ലാമിക ശരീഅത്തില്‍ ഗവേഷണത്തിന് വിശാലമായ സാധ്യതയുണ്ട്. കാലഘട്ടത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇജ്തിഹാദ് സഹായകമാണ്. എന്നാല്‍ ഇത് കടുത്ത ഭിന്നിപ്പുകള്‍ക്ക് കാരണമാകുന്നുവെന്നതാണ് മറുവശം?
@ നിബന്ധനകള്‍ പാലിക്കപ്പെടുന്ന ഇജ്തിഹാദ് മാത്രമേ സ്വീകാര്യമാവൂ. ഓരോ വിജ്ഞാനശാഖക്കും അതിന്‍റെ അടിസ്ഥാനങ്ങളുണ്ട്. വൈദ്യശാസ്ത്രത്തെ കുറിച്ച് സംസാരിക്കേണ്ടത് എഞ്ചിനീയറല്ല, നേരെ മറിച്ചുമല്ല. ദീനിന്‍റെ കാര്യവും അങ്ങനെതന്നെ. മാത്രമല്ല, ഇജ്തിഹാദ് അസ്ഥാനത്താകരുത്. ഖണ്ഡിതമായ വിധിയുള്ള കാര്യങ്ങളില്‍ ഇജ്തിഹാദിന് പഴുതില്ല. ഖണ്ഡിതവിധിയില്ലാത്ത മേഖലകളില്‍ അതാവാം.


? ചാനലുകളിലും മറ്റും ശൈഖുമാര്‍ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്ത് ഇജ്തിഹാദിന് യോഗ്യരായവരെ എങ്ങനെ തിരിച്ചറിയും?
@ കുഞ്ഞിന് അസുഖമായാല്‍ ഏതൊരാളും ഏറ്റവും നല്ല ഡോക്ടറെ അന്വേഷിച്ച് കണ്ടെത്തും. നിപുണനെന്ന് സര്‍വരും സമ്മതിക്കുന്ന വൈദ്യന്‍റെ അടുത്ത് കൊണ്ട്പോവുകയും ചെയ്യും. മതകാര്യങ്ങളിലും അങ്ങനെയാവണം. ജ്ഞാനവും പരിജ്ഞാനവും തികഞ്ഞവരെ തെരഞ്ഞെടുക്കുകയും അധികാരികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മതവിധി നല്‍കുന്നവരെ തള്ളുകയും വേണം. ചാനലുകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് മന്ത്രിമാരുടെയും അധികാരികളുടെയും അടുത്തവരായ 'പണ്ഡിതരാ'ണ്. ചാനലുകള്‍ പണ്ഡിതരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല. ഇതിനെതിരെ സമൂഹവും പ്രതികരിക്കണം.


? തിരുത്തല്‍ ശക്തിയാകേണ്ട പണ്ഡിതന്‍ എങ്ങനെയാണ് ഭരണകൂടത്തിന്‍റെ ചട്ടുകമാവുന്നത്?
@ മുന്‍കാലങ്ങളില്‍ പണ്ഡിതര്‍ ശക്തരായിരുന്നു. കാരണം, മതകാര്യവകുപ്പ് അവരുടെ പക്കലായിരുന്നു. എന്നാല്‍ ഇന്ന് ആ വകുപ്പ് രാഷ്ട്രത്തിന്‍റെ കൈവശമാണ്. പണ്ഡിതരാകട്ടെ അതില്‍ ഉദ്യോഗസ്ഥരും. ശൈഖുല്‍ അസ്ഹര്‍ മുതല്‍ ഔഖാഫ് വകുപ്പിലെ ചെറിയ പണ്ഡിതന്‍ വരെ രാഷ്ട്രത്തിന്‍റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ്. അതിനാല്‍ ഭരണകൂടത്തെ ചൊടിപ്പിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു.
പണ്ഡിതന്‍ ഭരണാധികാരിയുടെ സാമ്പത്തികസഹായം തേടേണ്ട അവസ്ഥയുണ്ടാകുന്നതാണ് പ്രശ്നം. പണ്ഡിതര്‍ സാമ്പത്തികമായി സ്വയം പര്യാപ്തരാകണം. അല്ലെങ്കില്‍ ജനങ്ങള്‍ ശമ്പളം നല്‍കുന്നവരാകണം. ശീഈ പണ്ഡിതരുടെ സ്ഥിതി ഭിന്നമാണ്. കാരണം അവര്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരല്ല എന്നത് തന്നെ. ജനങ്ങളില്‍ നിന്നാണ് അവര്‍ ശമ്പളം സ്വീകരിക്കുന്നത്. വരുമാനത്തിന്‍റെ ഇരുപത് ശതമാനം ഇമാമിന് നല്‍കുന്നവരാണ് ശീഇകള്‍. അത് കൊണ്ട്തന്നെ ശീഈ പണ്ഡിതര്‍ ദരിദ്രരല്ല. ഹസനുല്‍ ബസ്വരി ഭരണാധികാരികളെ നിശിതമായി വിമര്‍ശിക്കുന്ന പണ്ഡിത ശ്രേഷ്ഠനായിരുന്നു. സാമ്പത്തിക സ്വയംപര്യാപ്തത കൈവരിച്ചത് അദ്ദേഹത്തിന് ശക്തി നല്‍കിയ പ്രധാന ഘടകമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.


? വഹാബി, ശീഈ ധാരകളില്‍ ഏതാണ് അപകടകരം?
@ അടുത്തകാലത്തായി വഹാബിസം ശക്തിപ്പെട്ടുവരികയാണ്. അതിന്‍റെ പ്രചാരകരും അനുയായികളും വര്‍ധിച്ചിട്ടുണ്ട്. അന്ധമായ പക്ഷപാതിത്തമാണ് അതിന്‍റെ ഏറ്റവും വലിയ ദൂഷ്യം. ഇതര ചിന്താധാരകളോട് കടുത്ത പക്ഷപാത സമീപനമാണവര്‍ സ്വീകരിക്കുന്നത്. തങ്ങളുടെ വിശ്വാസവും അഭിപ്രായവും തെറ്റിന് ഒരു സാധ്യതയുമില്ലാത്ത പൂര്‍ണ ശരിയും ഇതര അഭിപ്രായങ്ങള്‍ തീര്‍ത്തും തെറ്റുമാണെന്ന് അവര്‍ കരുതുന്നു.ശീഇകള്‍ മുസ്ലിംകളാണ്. അതേസമയം പ്രവാചക ചര്യക്ക് വിരുദ്ധമായ നിരവധി കാര്യങ്ങള്‍ അവരിലുണ്ട്. ഏതാണ്ട് പൂര്‍ണമായും സുന്നിമുസ്ലിംകളുള്ള നാടുകളില്‍ തങ്ങളുടെ ആശയം പ്രചരിപ്പിക്കാന്‍ ചില ശീഈ ഗ്രൂപ്പുകള്‍ വന്‍തുക ചെലവഴിച്ച് ആസൂത്രിത ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഈജിപ്തില്‍ ശീഇസത്തിന്‍റെ വളര്‍ച്ച ഇതിന്‍റെ ഉദാഹരണമാണ്. ഭിന്നിപ്പ് സംഘര്‍ഷത്തിലേക്ക് വളരാനും കുഴപ്പങ്ങള്‍ക്കും ഇടയാക്കുന്ന ഇത്തരം ശ്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശീഈ വിഭാഗങ്ങള്‍ തയാറാവണം. ( സുന്നി- ശീഈ വിഭാഗങ്ങള്‍ക്ക് പങ്കാളിത്തമുള്ള അന്തര്‍ദേശീയ മുസ്ലിം പണ്ഡിത വേദി സുന്നി സമൂഹങ്ങളില്‍ ശീഇസവും ശീഈ സമൂഹങ്ങളില്‍ സുന്നിസവും പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്. )


? സുന്നി- ശീഈ വ്യത്യാസം ശാഖാപരമാണോ അടിസ്ഥാനപരമാണോ?
@ ശാഖാപരമായ വ്യത്യാസം പ്രശ്നമല്ല. എന്നാല്‍ ആദര്‍ശവിശ്വാസങ്ങളിലുള്ള ഭിന്നത പ്രധാനമാണ്. നിലവിലുള്ള ഖുര്‍ആനില്‍ ചില കാര്യങ്ങള്‍ കുറവുണ്ടെന്ന് വിശ്വസിക്കുന്ന വിഭാഗങ്ങള്‍ ‍ശിയാക്കളിലുണ്ട്. പ്രവാചകചര്യയാണ് സുന്നികള്‍ക്ക് പ്രമാണമെങ്കില്‍ പ്രവാചക ചര്യയും പതിനൊന്ന് ഇമാമുമാരുടെ ചര്യയും തുല്യമായി കാണുന്നവരാണ് ശീഇകളില്‍ വലിയൊരു വിഭാഗം. അവര്‍ പ്രവാചക അനുചരന്‍മാരെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അലി(റ)യെ ഖലീഫയായി പ്രവാചകന്‍ നിശ്ചയിച്ചുവെന്നും മറ്റ് അനുചരന്‍മാര്‍ ചതിയിലൂടെ അത് തട്ടിയെടുക്കുകയായിരുന്നുവെന്നും ശീഇകള്‍ പറയുന്നു.


? ആദര്‍ശവ്യത്യാസമുണ്ടെങ്കില്‍ പിന്നെ മുസ്ലിംകളാവുന്നതെങ്ങനെ?
@ ശീഇകള്‍ അല്ലാഹുവിലും ഖുര്‍ആനിലും റസൂലിലും വിശ്വസിക്കുന്നവരാണ്.


? അവയവദാനത്തെ കുറിച്ച് അടുത്തിടെ അഭിപ്രായ ഭിന്നത രൂക്ഷമായിട്ടുണ്ടല്ലോ?
@ ഉപാധികള്‍ക്ക് വിധേയമായി അവയവദാനം അനുവദനീയമാണെന്ന് ഒട്ടനവധി പണ്ഡിത കൂട്ടായ്മകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയവദാനം വസിയ്യത്ത് ചെയ്തയാളുടെയും അപകടമരണം സംഭവിച്ചവരുടെയും ജീവിച്ചിരിക്കുന്നയാളുടെയും അവയവങ്ങള്‍ ദാനം ചെയ്യാം. അടുത്ത ബന്ധുക്കള്‍ക്കായിരിക്കണം നല്‍കുന്നതെന്ന് ചില പണ്ഡിതര്‍ ഉപാധി വെച്ചിട്ടുണ്ട്. അവയവ കച്ചവടം പൂര്‍ണമായും നിഷിദ്ധമാണ്, ദാതാവിനും സ്വീകര്‍ത്താവിനും. ദാരിദ്ര്യത്തിന്‍റെ കാഠിന്യത്തില്‍ പോലും അവയവ വില്പന നിഷിദ്ധമാണ്. കാരണം ഇസ്ലാമിക വിശ്വാസപ്രകാരം ശരീരത്തിന്‍റെ യഥാര്‍ത്ഥ ഉടമ ദൈവമാണ്.


? സംഗീതം അനുവദനീയമാണെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണോ?
@ അതെ, ഉപാധികള്‍ക്ക് വിധേയമായി സംഗീതം അനുവദനീയമാണ്. പാട്ടിന്‍റെ ഉള്ളടക്കം ഇസ്ലാമിക വിരുദ്ധമോ തിന്‍മക്ക് പ്രേരിപ്പിക്കുന്നതോ ആകരുത്. അശ്ലീലത ലവലേശം പാടില്ല. ഇസ്ലാമിന്‍റെ പൊതുമര്യാദകള്‍ക്ക് വിരുദ്ധമാകരുത്.


? പ്രണയകാവ്യങ്ങളെ കുറിച്ച്?
@ അഴിഞ്ഞാട്ടവും അശ്ലീലതയും നിറക്കാത്ത പ്രണയകാവ്യങ്ങള്‍ പ്രശ്നമല്ല. മദ്യപാനവും അശ്ലീല നൃത്തവുമാണിന്ന് മുഖ്യധാരാ സംഗീതപരിപാടികളുടെ ചേരുവ.


? അന്യപുരുഷന്‍മാരുടെ മുമ്പില്‍ സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യാമോ?
@ തീര്‍ച്ചയായും, അതനുവദനീമാണ്.

Saturday, August 16, 2008

ഖറദാവിയെ കുറിച്ച് രംഗാവിഷ്കാരം


ദോഹ: അന്തര്‍ദേശീയ മുസ്ലിം പണ്ഡിത വേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയെ കുറിച്ച് നാടകമൊരുങ്ങുന്നു. പ്രമുഖ ഖത്തരി കലാകാരന്‍ അലി അല്‍മാലികിയാണ് ഖറദാവിയായി രംഗമിടുന്നത്. ഖറദാവിയുടെ വ്യക്തിത്വവും ജീവിതവഴിത്തിരിവുകളും ചിന്താ-വൈജ്ഞാനിക സംഭാവനകളും ശ്രദ്ധേയമായ നിലപാടുകളുമാണ് കഥയുടെ ഉള്ളടക്കം. ഇതിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണിപ്പോള്‍. പ്രമുഖ പണ്ഡിതന്‍ ശൈഖ് അബ്ദുസ്സലാം ബിസ് യൂനിയാണ് തിരക്കഥ രചിച്ചത്.

Tuesday, August 5, 2008

ഹജറുല്‍ അസ് വദ് ഒഴികെയുള്ള കല്ലുകള്‍ ചുംബിക്കുന്നത് പുണ്യകരമല്ല


ചോദ്യം: ഈജിപ്തിലെ ത്വന്‍ത്വാ പ്രദേശത്തെ അഹ്മദ് അല്‍ബദവീ മഖാമില്‍ ചുമരില്‍ പതിച്ച ഒരു കല്ലില്‍ കാണപ്പെടുന്ന കാലടയാളം പ്രവാചകന്‍ മുഹമ്മദ് (സ)യുടേതാണെന്ന് പറയപ്പെടുന്നു. ആളുകള്‍ ബറകതിന് വേണ്ടി അത് തടവുകയും ചുംബിക്കുകയും മറ്റും ചെയ്തു വരുന്നു. കാലടയാളം പ്രവാചകന്‍റേതാണെന്ന വാദം ശരിയാണോ? അത്തരത്തില്‍ പുണ്യം തേടുന്നത് ശര്‍ഇയായി അനുവദനീയമാണോ?


ഉത്തരം: തീവ്രതയും ജീര്‍ണതയും മുസ്ലിംകളില്‍ വര്‍ധിച്ചുവരികയാണ്. ചിലര്‍ അന്ധവിശ്വാസങ്ങളില്‍ ബഹുദൂരം മുന്നോട്ട് പോവുകയും അല്ലാഹു അനുവദിക്കാത്ത കല്ലുകളിലും മുദ്രകളിലും മറ്റും പുണ്യം തേടുകയും ചെയ്യുന്നവരാണ്. ഹജറുല്‍ അസ് വദിന് നേരെ പോലും സംശയമുണര്‍ത്തുന്നവരാണ് മറ്റൊരു കൂട്ടര്‍. ന്യായമാകട്ടെ രണ്ടിനും മധ്യേയാണ്. വിശുദ്ധ മക്കയില്‍ സ്ഥിതി ചെയ്യുന്ന കഅബയിലെ ഹജറുല്‍ അസ് വദ് ഒഴികെയുള്ള കല്ലുകള്‍ കൊണ്ട് പുണ്യം തേടുന്നത് ഇസ്ലാം അസാധുവാക്കിയിരിക്കുന്നു. ഹജറുല്‍ അസ് വദിനെ ചുംബിക്കലും മറ്റും തികച്ചും ആരാധനാപരമായ കര്‍മമാണ്. ആരാധനാപരമായ കാര്യങ്ങളില്‍ പ്രവാചകനെ അതേപടി അനുധാവനം ചെയ്യുക മാത്രമാണ് മാര്‍ഗം. അത്തരം കാര്യങ്ങള്‍ മറ്റ് കാര്യങ്ങളുമായി താരതമ്യം ചെയ്യപ്പെടുന്നതല്ല. അതിനാലാണ് `നിന്നെ (ഹജറുല്‍ അസ് വദിനെ) അല്ലാഹുവിന്‍റെ ദൂതര്‍ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും ചുംബിക്കുമായിരുന്നില്ലെ`ന്ന് ഉമര്‍(റ) പ്രസ്താവിച്ചത്.
ത്വന്‍‍ത്വായിലെ കല്ല് മറ്റ് കല്ലുകളെ പോലെ സാധാരണ കല്ല് മാത്രമാണ്. അത് പ്രവാചക കാലത്തേതാണെന്നതിനോ പാദമുദ്ര പ്രവാചകന്‍റേതാണെന്നതിനോ തെളിവുകളൊന്നുമില്ല.
മാത്രമല്ല, തന്‍റെ പാദമോ പാദമുദ്രയോ തൊട്ടുതടവി പുണ്യം തേടാന്‍ ദൈവദൂതന്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ല. മറിച്ച്, മഹത്വവത്കരണത്തില്‍ അതിരുകവിയുന്നതിലേക്കെത്തിക്കുന്ന കാര്യങ്ങളെ തൊട്ട് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയാണുണ്ടായത്. അവിടുന്ന് അരുളിയത് കാണുക: `എന്‍റെ ഖബറിടം ആരാധനാമൂര്‍ത്തിയാക്കാതിരിക്കുക`. `ജൂതന്‍മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ പ്രവാചകന്‍മാരുടെ ഖബറുകളെ ആരാധനാലയങ്ങളാക്കി മാറ്റി.` പ്രവാചകാനുചരന്‍മാരുടെ പാതയും അതു തന്നെയായിരുന്നു. അതുകൊണ്ടാണ് ഹുദൈബിയ സന്ധിയില്‍ മുസ്ലിംകള്‍ പ്രവാചകന് അനുസരണപ്രതിജ്ഞ (ബൈഅത്ത്) ചെയ്ത രിദ് വാന്‍ മരം ഖലീഫ ഉമര്‍(റ) മുറിച്ചുകളഞ്ഞത്.



അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.

തുടക്കം

ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഏറ്റവും പുതിയ ലേഖനങ്ങളും ഫത് വ(മതവിധി)കളും പ്രസ്താവനകളും പ്രസംഗങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റുമാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത്. വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ക്ഷണിക്കുന്നു.

Friday, July 25, 2008

ഡോ. യൂസുഫുല്‍ ഖറദാവി- ലഘുപരിചയം


സമകാലീന ലോകത്തെ ആധികാരിക ഇസ്ലാമിക പണ്ഡിതന്‍. ‍ജീവിത സായാഹ്നത്തിലും ഇസ്ലാമിക സമൂഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാനുഭാവന്‍. സമകാലിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അപ്രഖ്യാപിത കാര്യദര്‍ശി. അന്തര്‍ദേശീയ മുസ്ലിം പണ്ഡിത വേദി അധ്യക്ഷന്‍- അതാണ് ഡോ. യൂസുഫുല്‍ ഖറദാവി. അദ്ദേഹത്തെ കുറിച്ച ലഘുവിവരണമാണ് താഴെ:

പൂര്‍ണനാമം:
ശൈഖ് യൂസുഫ് മുസ്ത്വഫാ അല്‍ഖറദാവി

ജനനം:
1926 സെപ്റ്റംബര്‍ 9-ന് ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത് തുറാബ് ഗ്രാമത്തില്‍ ജനനം. രണ്ടാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മാവന്‍റെ സംരക്ഷണത്തില്‍ വളര്‍ന്നു. മകനെ ഒരു ആശാരിയോ കച്ചവടക്കാര‍നോ ആക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ വൈഭവം കാട്ടിയ യൂസുഫ് ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി.

വിദ്യാഭ്യാസം:
പ്രൈമറി, സെക്കന്‍ററി വിദ്യഭ്യാസം അല്‍അസ്ഹറില്‍.ജയില്‍ വാസമനുഭവിക്കേണ്ടിവന്നിട്ടും രണ്ടാം റാങ്കോടെ സെക്കന്‍ററി പൂര്‍ത്തിയാക്കി. തുടര്‍ന്ന് അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉസ്വൂലുദ്ദീന്‍ കോളജില്‍ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1952-53ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും `60ല്‍ ഖുര്‍ആനിക,നബിചര്യ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും 1973-ല്‍ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്‍റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി.
പ്രവര്‍ത്തനങ്ങള്‍:
കൗമാര പ്രായത്തില്‍ തന്നെ ഈജിപ്തിലെ ഇസ്ലാമിക നവോത്ഥാന നായകന്‍ ഇമാം ഹസനുല്‍ ബന്നാ ശഹീദിന്‍റെ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡില്‍(അല്‍ഇഖ് വാനുല്‍ മുസ്ലിമൂന്‍) ആകൃഷ്ടനായ അദ്ദേഹത്തെ ഈജിപ്ത് ഭരണകൂടം നിരവധി തവണ തടവിലിട്ടിട്ടുണ്ട്. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഗുരുനാഥനായി തുടരുന്ന അദ്ദേഹം ഇന്ന് അമേരിക്കയുടെയും സയണിസ്റ്റുകളുടെയും കണ്ണിലെ കരടാണ്. പള്ളി മിമ്പര്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്‍റെ വിളംബര വേദിയാക്കിയതും ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ഇതിന് കാരണം. ഫലസ്തീനിലെ ചാവേര്‍ ആക്രമണങ്ങളെ ശരിവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകളും മതവിധികളും ഇസ്രാഈലിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇസ്രാഈലി ചാരസംഘടനയായ മൊസാദിന്‍റെ വധഭീഷണി അദ്ദേഹം പുച്ഛിച്ചുതള്ളുകയാണുണ്ടായത്. ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസാനിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്‍റെ വിസാ അപേക്ഷ ബ്രിട്ടന്‍ നിരസിക്കുകയുണ്ടായി. ചികിത്സാര്‍ഥമാണ് അദ്ദേഹം സന്ദര്‍ശനാനുമതി തേടിയത്. അപേക്ഷ എമിഗ്രേഷന്‍ നിയമത്തിന് അനുരൂപമല്ലെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ കാരണം പറഞ്ഞതെങ്കിലും ബ്രിട്ടനിലെ വലതുപക്ഷ നവയഥസ്ഥിതികരുടെ സമ്മര്‍ദതന്ത്രമാണ് തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്. 2004-ലാണ് ഖറദാവി അവസാനമായി ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. അന്തര്‍ദേശീയ മുസ്ലിം പണ്ഡിത വേദിയുടെ രൂപീകരണയോഗത്തില്‍ പങ്കെടുക്കാനായിരുന്നു പ്രസ്തുത യാത്ര. അന്നത് ബ്രിട്ടനില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.‍ ഫലസ്തീനിലെ ചാവേറാക്രമണത്തെ പിന്തുണക്കുന്നതിനാല്‍ വിസയനുവദിക്കരുതെന്ന് തീവ്രവലതുപക്ഷ കക്ഷികള്‍ അന്ന് ടോണിബ്ലയര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.

ഫലസ്തീനില്‍ അധിനിവേശം നടത്തി നിലവില്‍ വന്ന ഇസ്രാഈലിന്‍റെ അസ്തിത്വം പോലും അംഗീകരിക്കരുതെന്ന വാദക്കാരനാണദ്ദേഹം. സയണിസ്റ്റുകളുമായുള്ള ചര്‍ച്ചകളെയും അദ്ദേഹം നിരാകരിക്കുന്നു. സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്.

വര്‍ത്തമാന ഇസ്ലാമിക ലോകത്തെ മധ്യമനിലപാടിന്‍റെ മുന്നണിപ്പോരാളിയായ അദ്ദേഹം, പക്ഷേ ഭരണാധികാരികള്‍ക്ക് സ്തുതിഗീതമോതാന്‍ ഒരിക്കലും തയ്യാറായില്ല. അറബ് മുസ്ലിം നാടുകളിലെ രാഷ്ട്രീയ, ഭരണ പരിഷ്കരണങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുന്ന അദ്ദേഹം ഇസ്ലാമിക ജനാധിപത്യം എന്ന ബദല്‍ വ്യവസ്ഥ മുന്നോട്ടുവെക്കുന്നു. സമഗ്ര ഇസ്ലാമിക വ്യവസ്ഥയെ കാലികമായി സമര്‍പ്പിച്ചു.

മുസ്ലിം ഐക്യത്തിന്‍റെ ശക്തനായ വക്താവായ ഖറദാവി സുന്നി, ശീഈ, ഇബാദിയ്യ:, സൈദിയ്യ: തുടങ്ങിയ ഇസ്ലാമിക ചിന്താധാരകള്‍ക്കിടയില്‍ സംവാദപരിപാടികള്‍ക്ക് മുന്‍ കൈയെടുക്കുന്നു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. സര്‍വമതനിന്ദക്കെതിരായ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ ശ്രദ്ധേയമാണ്.

അന്തര്‍ദേശീയ മുസ്ലിം പണ്ഡിതസഭയുടെ അധ്യക്ഷനാണിപ്പോള്‍ ഖറദാവി. 82 വയസ്സ് പിന്നിട്ടിട്ടും ദൗത്യനിര്‍വഹണത്തിന്‍റെ പാതയില്‍ അക്ഷീണം മുന്നോട്ടുപോകുന്ന അദ്ദേഹം നിരവധി ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ പലതവണ സന്ദര്‍ശനം നടത്തുകയുണ്ടായി. വിവിധ രാജ്യങ്ങളില്‍ പരന്നുകിടക്കുന്ന നിരവധി ശിഷ്യന്‍മാര്‍ അദ്ദേഹത്തിനുണ്ട്.

ഔദ്യോഗിക ജീവിതം:
ഏറെക്കാലം ഈജിപ്തില്‍ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്കാരിക വകുപ്പിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961ല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കിയ ശേഷം ഖത്തര്‍ സെക്കന്‍ററി റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി. 1973ല്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കല്‍റ്റിക്ക് രൂപം നല്‍കുകയും അതിന്‍റെ ഡീന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. 1977ല്‍ ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ശരീഅ: ആന്‍റ് ഇസ്ലാമിക് സ്റ്റഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിന്‍റെ ഡീന്‍ ആയി തുടരുകയും ചെയ്തു. യൂണിവേഴ്സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്‍റെ തലവനായി ഇന്നും തുടരുന്നു. 1990-91ല്‍ അല്‍ജീരിയന്‍ യൂണിവേഴ്സിറ്റികളില്‍ നേതൃസ്ഥനങ്ങള്‍ വഹിച്ചു. 1961ല്‍ ദോഹയിലെത്തിയതുമുതല്‍ ദോഹ ഉമര്‍ ബിന്‍ ഖത്താബ് പള്ളിയില്‍ ജുമുഅ ഖുതുബ(പ്രഭാഷണം)നിര്‍വഹിക്കുന്നു. ഖത്തര്‍ ടെലിവിഷന്‍ ചാനല്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് അനേകം ശ്രോതാക്കളുണ്ട്. സമകാലിക ഇസ്ലാമിക സമൂഹത്തിന്‍റെ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ മുസ്ലിം ലോകത്തിന്‍റെ തന്നെ നിലപാടെന്ന നിലക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അല്‍ജസീറ ചാനലില്‍ വര്‍ഷങ്ങളായി അവതരിപ്പിക്കുന്ന ശരീഅത്തും ജീവിതവും പരിപാടി അറബ് ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടെലിവിഷന്‍ പരിപാടികളിലൊന്നാണ്.

വൈജ്ഞാനിക സംഭാവനകള്‍:
നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഖറദാവി പുസ്തകമെഴുതാത്ത ഇസ്ലാമിക വൈജ്ഞാനിക ശാഖ കണ്ടെത്തുക പ്രയാസകരമാണെന്ന് പറയാം. ഈ ഗ്രന്ഥങ്ങള്‍ മലയാളമടക്കം നിരവധി ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ നിരവധി പ്രഭാഷണങ്ങളും പുസ്തക രൂപത്തില്‍ ലഭ്യമാണ്. ഫിഖ്ഹുസ്സകാത്ത് (സകാത്തിന്‍റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ്.`ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ നൂറ്റാണ്ടിന്‍റെ (ഹിജ്റ 14ം നൂറ്റാണ്ട്)ഗ്രന്ഥം` എന്നാണ് സയ്യിദ് അബുല്‍ അഅലാ മൗദൂദി ഫിഖ്ഹുസ്സകാത്തിനെ വിശേഷിപ്പിച്ചത്.



പുരസ്കാരങ്ങള്‍:
ഹിജ്റാ വര്‍ഷം 1413ല്‍ ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചു.

മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ട കൃതികള്‍‍:
വിധിവിലക്കുകള്‍, നോമ്പിന്‍റെ കര്‍മശാസ്ത്രം, വിശ്വാസവും ജീവിതവും, ഇസ്ലാമും ദാരിദ്ര്യനിര്‍മാര്‍ജനവും, ആഗോളവത്കരണവും മുസ്ലിംകളും, മതതീവ്രവാദം, മുസ്ലിം ഐക്യം സാധുതയും സാധ്യതയും, ഇസ്ലാമിക ശരീഅത്ത് തത്വവും പ്രയോഗവും, സമയം വിശ്വാസിയുടെ ജീവിതത്തില്‍, ഖറദാവിയുടെ ഫത് വകള്‍, ഇസ്ലാമിക പ്രസ്ഥാനം മുന്‍ഗണനാക്രമം, പ്രബോധകന്‍റെ സംസ്കാരം. [ഇവയുടെയെല്ലാം പ്രസാധനം:ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ പി എച്ച്)]